Todays Story
എല്ലാവരും ജയിക്കാന്‍വേണ്ടി മത്സരിക്കുമ്പോള്‍ തോല്ക്കാന്വേണ്ടി മാത്രം മത്സരിച്ച് "ഇലക്ഷന് കിംഗ്' എന്ന റെക്കോര്‍ഡ് നേടിയ ഒരാളുണ്ട്. തമിഴ്നാട് സേലം മേട്ടൂര്‍ ഡാമിന് സമീപത്തെ ഡോ. കെ. പത്മരാജന്.
തോല്‍വി ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തിനായി 23ന് തമിഴ്നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ മേട്ടൂരില്‍ മത്സരിക്കാനായി 253-ാമത്തെ പത്രികയും ടിവികെ നേതാവും സിനിമാ താരവുമായ വിജയ്ക്കെതിരെ ചെന്നൈയിലെ പെരമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായുള്ള 254-ാമത്തെ നാമനിര്‍ദേശ പത്രികകൂടി നല്കിയിരിക്കുകയാണിദ്ദേഹം.
ഇതോടെ ഇദ്ദേഹത്തിന്റെ 254-ാം തെരഞ്ഞെടുപ്പ് മത്സരം കൂടിയാണിപ്പോള്‍ നടക്കുന്നത്. രാഷ്ട്രപതിക്കും പ്രധാന മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്ക്കുമെതിരെയുള്ള മത്സരത്തിലൂടെ ശ്രദ്ധേയനായ പത്മരാജന് ഇക്കുറി ടിവികെ നേതാവ് വിജയുമായാണ് മത്സരിക്കുന്നത്.
തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഇക്കുറി വിജയ് ആണ് ശ്രദ്ധിക്കപ്പെടുന്ന താരം എന്നതിനാലാണ് പത്മരാജന് വിജയ്ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്. എല്ലാ തെരഞ്ഞെടുപ്പിലും തോല്‍വി ഉറപ്പായതിനാല്‍ എറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റയാളെന്ന റെക്കോര്‍ഡ് കൈവിടാതിരിക്കുകയാണ് ലക്ഷ്യം.
പത്മരാജന് ചെറിയ മീനല്ല
പത്മരാജന് ജനിച്ചതും വളര്‍ന്നതുമെല്ലാം സേലത്താണ്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നാടാണ് പയ്യന്നൂരിന് സമീപത്തെ കുഞ്ഞിമംഗലം. കുഞ്ഞിമംഗലവുമായുള്ള ഈ വേരോട്ടമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കുഞ്ഞിമംഗലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാരണമായത്.
ഇത്തവണ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനായി നാമനിര്‍ദേശ പത്രികയുടെ ഫോമുകൾ വാങ്ങിയെങ്കിലും പത്രിക സമര്‍പ്പിക്കാനായില്ല. തുടര്‍ന്നാണ് തമിഴനാട് തെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളിലായി പത്രിക നല്‍കിയത്. 1988ല്‍ തുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ തോല്‍വിക്കു വേണ്ടിയുള്ള മത്സരം.
ഇതുവരെ വാജ്പേയ്, ജയലളിത, കരുണാനിധി, വയലാര്‍ രവി, എ.കെ. ആന്റണി, യദൂരപ്പ, ബംങ്കാരപ്പ, എസ്.എം. കൃഷ്ണ, വിജയ് മല്യ, പിണറായി വിജയന്, പ്രിയന്കാ ഗാന്ധി, എടപ്പാടി പഴനിസ്വാമി തുടങ്ങി ഉപരാഷ്ട്രപതി ടി.പി. രാധാകൃഷ്ണന് വരേയുള്ളവര്ക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ലോകസഭ, രാജ്യസഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പഞ്ചായത്ത് എന്നിങ്ങനെ എല്ലാ തലങ്ങളിലും മത്സരിച്ചിരുന്നു.
Kerala
കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി. കാപ്പൻ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ സമീപനമാണ് എഫ്സിആർഎ ബില്ലിലൂടെയും, ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്തവും ആർജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും കാപ്പൻ ഓർമിപ്പിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ്.
മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഷോൺ ഈ ഭീഷണി ഉയർത്തിയത്. ദിവസങ്ങൾക്കകം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. സിപിഎമ്മിന്റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് 50 ശതമാനം കടന്നു. രാവിലെ മുതൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 52.94 ശതമാനം പോളിംഗും കാസർഗോഡ് 47.61 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് ശതമാനം ജില്ല തിരിച്ച്
തിരുവനന്തപുരം: 49.34
കൊല്ലം: 48.90
പത്തനംതിട്ട: 48.35
ആലപ്പുഴ: 49.77
കോട്ടയം: 49.22
ഇടുക്കി: 49.56
എറണാകുളം: 52.94
തൃശൂർ: 50.48
പാലക്കാട്: 51.27
മലപ്പുറം: 48.31
കോഴിക്കോട്: 50.10
വയനാട്: 49.32
കണ്ണൂർ: 48.50
കാസർഗോഡ്: 47.61
മൂന്നാം തവണയും ഭരണം നേടാനായി എൽഡിഎഫും പത്ത് വർഷത്തിന് ശേഷം അധികാരക്കസേരയിൽ എത്താൻ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിർണായക ശക്തിയാകാൻ എൻഡിഎയെയും രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അവസാന വോട്ടർ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. ഇതിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളുമാണ്. 273 പേർ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.
Kerala
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ജില്ലയിലെയും കാര്യങ്ങൾ വിശകലനംചെയ്താൽ അക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കില്ല. ബിജെപിക്ക് ഇനിയും കേരളത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യത കുറവാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് പല ബൂത്തുകളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ്. വോട്ടെടുപ്പ് തുടങ്ങി ആദ്യ ഒരു മണിക്കൂറിൽ 4.38 ശതമാനം വോട്ടിങ് രേഖപ്പെടുത്തി.
മുടവൻമുഗളിലെ ഗവ. എൽപി സ്കൂളിൽ നടൻ മോഹൻലാൽ വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖർ വോട്ട് ചയ്തു.
Kerala
പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻറിപ്പോര്‍ട്ട് തേടി.
അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കണ്ണാടി പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്‍കുകയായിരുന്നു. വയോധികയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.
അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.
District News
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. ജില്ലയിലെ 268 ക്രിട്ടിക്കൽ ബൂത്തുകളിലും സുരക്ഷ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി കേന്ദ്ര സേനാംഗങ്ങളോട് ആവശ്യപ്പെട്ടു.
പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. പ്രചാരണത്തിന്റെ കൊട്ടിക്കലാശ വേളയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ കൂടുതൽ ശ്രദ്ധ വേണമെന്നും ജില്ലാ പോലീസ് മേധാവി നിർദേശിച്ചു.
ജനറൽ ഒബ്സർവർമാരായ വിജയ് ബാലകൃഷ്ണ വാഗ്മറെ, ധ്യാനേശ്വർ കൊണ്ടിബാഹു കിലാരി, പോലീസ് ഒബ്സർവർ അശുതോഷ്കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ജില്ലയിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ്, സിഐഎസ്എഫ്, തമിഴ്നാട് സ്പെഷ്യൽ പോലീസ്, മഹാരാഷ്ട്ര സ്പെഷ്യൽ പോലീസ്, എസ്എസ്ബി എന്നീ കേന്ദ്രസേനകളുടെ പ്രതിനിധികളും പങ്കെടുത്തു.
Kerala
ആലപ്പുഴ: ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. വേദിയിൽ എൻഡിഎ സ്ഥാനാർഥികള്‍ മോദിക്കൊപ്പം അണിനിരന്നു.
കേരളത്തിന്റെ വികസനത്തിനായി പറ്റുന്നതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Kerala
പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഇന്ന് രാവിലെ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും.
അതേസമയം സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ് സ്ത്രീകൾ പിഷാരടിയെ തടഞ്ഞതെന്നാണ് ബിജെപിയുടെ വിശദീകരണം. രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖും രംഗത്തെത്തി.
പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ല. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും റസാഖ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്ത് എത്തില്ലെന്ന് സൂചന. പൊതുയോഗത്തിനു സൗകര്യം ഒരുക്കാൻ പറ്റിയ മൈതാനം ലഭ്യമല്ലാത്ത സാഹചര്യത്തിലാണു പര്യടനം ഒഴിവാക്കുന്നത് എന്നാണു വിവരം. പ്രധാനമന്ത്രി പാലായിൽ എത്തുമെന്നു നേരത്തെ ബിജെപി ഘടകങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, പാലായിലോ കോട്ടയത്തോ എത്തില്ലെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.
ശനിയാഴ്ച പ്രധാനമന്ത്രി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകരുടെ സംഗമമാണ് ഉച്ചയ്ക്ക് 1.30ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുക.
തിരുവനന്തപുരത്തു കിള്ളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്റർ ദൂരം നടത്തുന്ന റോഡ്ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.
കേരളത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് മാർച്ച് 29ന് പാലക്കാട്ടു നടന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
Kerala
ആലപ്പുഴ: ഈ തെരഞ്ഞെടുപ്പ് സമയത്ത് ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കിക്കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഏറ്റവും വലിയ അഴിമതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ബാര്‍ ലൈസന്‍സ് അഞ്ച് വര്‍ഷത്തിലൊരിക്കലാണ് പുതുക്കിക്കൊടുക്കാറുള്ളത്. എന്നാല്‍ മാധ്യമങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നത് കേന്ദ്ര ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കേരള സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കാൻ തീരുമാനമെടുത്തിരിക്കുന്നതെന്നാണ്.
കോടിക്കണക്കിന് രൂപ ബാര്‍ ഉടമകളില്‍ നിന്നു കൈക്കൂലി വാങ്ങിയിട്ടാണ് പുതുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.
ക്ലാസിഫിക്കേഷന്‍ നടപടികള്‍ക്കു കാത്തിരിക്കാതെ വെബ്സൈറ്റില്‍പോലും പ്രസിദ്ധീകരിക്കാതെ രഹസ്യമായിട്ടാണ് ബാറുകള്‍ക്കല്ലാം ലൈസന്‍സ് പുതുക്കിക്കൊടുത്തിരിക്കുന്നത്. ബാറുകളുടെ സമയപരിധി കൂട്ടിക്കൊടുത്തതും അഴിമതിയായിരുന്നു. ഇത് അതിനെക്കാളും വലുതാണ്.
കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ വേണ്ടി ബാര്‍ ഉടമകള്‍ അവര്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാർ ചെയ്തുകൊടുക്കുകയാണ്. ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് ബാര്‍ ഉടമകളില്‍നിന്നു കൈപ്പറ്റിയിരിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് കുറെ നാളുകളായി കോംപ്രമൈസ്ഡ് ചീഫ് മിനിസ്റ്റര്‍ ആയി മാറി. സിപിഎമ്മിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ചാൽ കൃത്യമായ അന്തര്‍ധാരയുണ്ടെന്ന് മനസിലാകും. തെരഞ്ഞെടുപ്പില്‍ പരസ്പരം സഹായിക്കാനുള്ള അന്തര്ധാരായാണത്. ഇത് ഞങ്ങള്‍ നേരത്തേ വ്യക്തമാക്കിയതാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മോദിയുടെ മുന്നില്‍ ഒന്നും പറയാന്‍ കഴിയുന്നില്ല. ഇഡിയെ പേടിച്ച് ജീവിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്. അക്കാരണത്താല്‍ ഒരു കാര്യത്തിലും കേന്ദ്രവുമായി ഏറ്റുമുട്ടാന്‍ അദ്ദേഹം തയാറാകുന്നില്ല. ഏറ്റവും ഒടുവില്‍ ഭരണം കൈവിട്ടു പോകുമെന്നു മനസിലായപ്പോള്‍ അധാര്‍മികമായ രാഷ്ട്രീയ ധാരണയ്ക്കാണ് സിപിഎം നേതൃത്വം കൊടുത്തിരിക്കുന്നത്.
സ്വന്തം അണികളെ വഞ്ചിച്ചുകൊണ്ട് സിപിഎമ്മും ബിജെപിയും നടത്തുന്നത് സ്വാര്‍ഥ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഡീല്‍ ആണ്. പരാജയം മനസിലായ മുഖ്യമന്ത്രി ഇന്നലെ നടത്തിയത് സമനില തെറ്റിയ പരാമർശമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കൺവൻഷനിൽ സാധാരണ ഒരു പാർട്ടി പ്രവർത്തകന്റെ ചോദ്യമായിരുന്നു മുഖ്യമന്ത്രിയോട്. തങ്ങളോടും രാഷ്ട്രീയ പ്രവർത്തകര്‍ ഇഷ്ടംപോലെ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. വീട്ടിൽ പോയി ചോദിക്കാൻ ഞങ്ങൾ ആരോടും പറയാറില്ലെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമർശം ഇവിടെ ആലപ്പുഴയിൽ സുധാകരനെതിരേയും നടത്തി. ചെറ്റത്തരം എന്ന വാക്ക് ഉപയോഗിച്ചതിനെതിരേ ഇപ്പോൾ സിപിഎം നേതാക്കൾ പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുകയാണ്. പ്രതീക്ഷിച്ചതിനപ്പുറം സീറ്റുകളുമായി ആലപ്പുഴയിൽ യുഡിഎഫ് വിജയിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തന്റെ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവച്ചതായി പരാതി. കോൺഗ്രസാണ് പരാതി നൽകിയിരിക്കുന്നത്.
200 കോടിയുടെ ബംഗ്ലാവ് സത്യവാംഗ്മൂലത്തിൽ ഇല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു. ബംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവ് അദ്ദേഹം സത്യവാംഗ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലൊന്നായ ഇവിടെ 1.07 ഏക്കർ ഭൂമിയിലാണ് ഈ ആഡംബര മന്ദിരം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഭൂമിവില ചതുരശ്ര അടിക്ക് 35,000 മുതൽ 50,000 രൂപ വരെയാണെന്നും, ഇതനുസരിച്ച് ഈ വസ്തുവിന്റെ ഭൂമിക്ക് മാത്രം ഏകദേശം 200 കോടി രൂപ വിലവരുമെന്നും കണക്കാക്കപ്പെടുന്നു.
408-ാം നമ്പർ വസ്തുവായ ഇതിന്റെ നികുതി രസീതുകൾ ആപ്ലിക്കേഷൻ നമ്പർ 1600322463 ഉപയോഗിച്ച് പരിശോധിക്കാവുന്നതാണെന്നും ഈ വസ്തുവിന്റെ നികുതി കഴിഞ്ഞ മാർച്ച് 17-നാണ് അടച്ചിരിക്കുന്നതെന്നും കോൺഗ്രസ് വിശദീകരിക്കുന്നു.
Kerala
പാലക്കാട്: സിപിഎം നേതാവ് തോമസ് ഐസക്കിന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളത്. സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
ഐസക്കിനോട് ഒപ്പം നിന്ന് മറുപടി പറയാനില്ല. കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ല.
കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം. പാലക്കാട്ടെ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യും.
സാധാരണ സിനിമയെ കുറിച്ച് പറയാറുണ്ട് മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ വിജയം ഉറപ്പെന്ന്. അതാണിവിടെയും കാണുന്നുണ്ടെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.
Kerala
പാലാ: സ്ഥിരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് റെക്കോർഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനം. എന്നാൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മയ്ക്കായി അധ്വാനിക്കുന്ന പുതുതലമുറയ്ക്കായിട്ടാണു വഴിമാറുന്നതെന്നും കാപ്പൻ പറഞ്ഞു.
നല്ലവരായ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതിനു തനിക്കെതിരെ കള്ളക്കേസുകൾ കൊടുപ്പിക്കുകയും നാടുനീളെ ഫ്ലെക്സ് വച്ച് അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിനു ചേരുന്നതല്ല.
ജയപരാജയങ്ങൾ സ്വാഭാവികമാണെന്നും മൂന്ന് തവണ തോറ്റാണു താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാപ്പൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കണ്ണൂരിൽ കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങിയത് എ.കെ. ആന്റണിയുടെ ഇടപെടലിലെന്ന് സൂചന. സീറ്റില്ലെന്ന ഹൈക്കമാൻഡ് നിലപാടിന് പിന്നാലെ പാർട്ടി വിടുമെന്ന് സൂചന നൽകിയ കെ. സുധാകരൻ സംസ്ഥാന നേതൃത്വത്തെ ആശങ്കപ്പെടുത്തിയിരുന്നു.
കെ. സുധാകരനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ ഇടപെട്ടിരുന്നു. പിന്നാലെയാണ് മുതിർന്ന നേതാവായ എ.കെ. ആന്റണിയുടെ ഇടപെടൽ. എ.കെ. ആന്റണിയുടെ സമ്മർദത്തിന് വഴങ്ങിയാണ് കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നൽകാമെന്ന തീരുമാനം ഹൈക്കമാൻഡ് സ്വീകരിച്ചത്.
സിപിഎമ്മുമായി പോരടിച്ചു വളര്‍ന്ന നേതാവ് സിപിഎമ്മിനു മൂന്നാം ഭരണം ഉണ്ടാക്കാന്‍ വഴിയൊരുക്കരുത് എന്ന് സുധാകരനോട് അഭ്യര്‍ഥിച്ചതായും എ.കെ. ആന്റണി പറഞ്ഞു.
നിലവിൽ കെ. സുധാകരന് മാത്രം ഇളവ് നൽകിയാൽ മതിയെന്നാണ് ഹൈക്കമാൻഡ് തീരുമാനം. എന്നാൽ ഒരാൾക്ക് മാത്രം പ്രത്യേക ആനുകൂല്യം നൽകുന്നത് മത്സരിക്കാൻ താത്പര്യപ്പെട്ട മറ്റ് എംപിമാർ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ പാർട്ടി നേതൃനിരയിൽ ആശങ്കയുളവാക്കുന്നുണ്ട്.
കോന്നിയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ച അടൂർ പ്രകാശ് വിമത ശബ്ദമുയർത്തിയാൽ പാർട്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Kerala
കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്ക്കുമ്പോള് പൊതുവിതരണകേന്ദ്രങ്ങളില്‍ അവശ്യസാധനങ്ങളെത്തിച്ച് സര്‍ക്കാര്‍. റേഷന്‍കടയില്‍ നാലു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടന്ന എപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള ആട്ട വിതരണം ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്.
കിലോയ്ക്ക് 17 രൂപ നിരക്കില്‍ നാലു പായ്ക്കറ്റ് ആട്ട കാര്‍ഡുടമകള്‍ക്കു ലഭിക്കുന്നുണ്ട്. മണ്ണെണ്ണ വിതരണവും കുറച്ചു മാസങ്ങളായി കൃത്യമായി നടക്കുന്നുണ്ട്. ഏതാനും മാസം മുമ്പുവരെ പച്ചരിയും പുഴുക്കലരിയും മാത്രം വിതരണം ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തില്‍നിന്നാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്.
സപ്ലൈകോ ഔട്ട്ലെറ്റുകളില് സബ്സിഡി നിരക്കില്‍ വില്പന നടത്തുന്ന അരി, പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 14 ഇനം അവശ്യസാധനങ്ങളും ലഭ്യമാണ്. നിത്യോപയോഗസാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴും വിപണിയില്‍ ഇടപെടാതെ കൈയും കെട്ടി നോക്കിനില്ക്കുന്നു എന്ന ആക്ഷേപം സിവില്‍സപ്ലൈസ് വകുപ്പ് ഏറെ നാളായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ക്രിസ്മസ്, വിഷു സീസണുകളില്‍ പോലും സപ്ലൈകോ ഔട്ട്ലെറ്റുകളുടെ റാക്കുകള്‍ ഒഴിഞ്ഞുകിടക്കുന്നത് പതിവായിരുന്നു. പഞ്ചസാര വിതരണം 10 മാസത്തോളം മുടങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. പ്രവര്‍ത്തനമൂലധനം ഇല്ലാത്തതിനാല്‍ കഴിഞ്ഞ മൂന്നു പ്രവര്‍ത്തനവര്‍ഷം തുടര്‍ച്ചയായി വാര്‍ഷിക വിറ്റുവരവ് കുത്തനെ ഇടിയുന്ന സ്ഥിതിവിശേഷവുമുണ്ടായി.
2021-22ല്‍ 6,315 കോടിയായിരുന്നു കോര്‍പറേഷന്റെ വിറ്റുവരവ്. എന്നാല്‍ 2022-23ല്‍ 5,302 കോടിയിലേക്കും 2023-24ല്‍ 4,271 കോടിയിലേക്കും 2024-25ല്‍ 3,004 കോടിയിലേക്കും വ്യാപാരം കൂപ്പുകുത്തിയിരുന്നു.
District News
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസർമാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും നോഡൽ ഓഫീസർമാരുടെയും യോഗം ജില്ലാ കളക്ടര്‍ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്നു.
റിട്ടേണിംഗ് ഓഫീസർമാർ
അരൂർ- ബിന്ദു, ജില്ലാ സപ്ലൈ ഓഫീസർ, ആലപ്പുഴ, ഫോൺ: 9544688695, മെയിൽ: [email protected]
ചേർത്തല- ഷാഹിന രാമകൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ.), കളക്ടറേറ്റ്, ആലപ്പുഴ, ഫോൺ: 9447149364, മെയിൽ: [email protected]
ആലപ്പുഴ -സമീർ കിഷൻ, സബ് കളക്ടർ, റവന്യൂ ഡിവിഷണൽ ഓഫീസർ, റവന്യൂ ഡിവിഷണൽ ഓഫീസ് ആലപ്പുഴ, ഫോൺ: 9447495002, മെയിൽ: [email protected]
അമ്പലപ്പുഴ-മോബി. ജെ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.), കളക്ടറേറ്റ്, ആലപ്പുഴ, ഫോൺ: 9539562912, മെയിൽ: [email protected]
കുട്ടനാട് - സിന്ധു, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ, ആലപ്പുഴ, ഫോൺ: 8921109551, മെയിൽ: [email protected]
ഹരിപ്പാട് - ഷീജ. എസ്, ഡെപ്യൂട്ടി കളക്ടർ (എൽ.എ.) കളക്ടറേറ്റ്, ആലപ്പുഴ, ഫോൺ: 9446031604, മെയിൽ: [email protected]
കായംകുളം - ബൈജു ജോസ്, ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ്, ആലപ്പുഴ, ഫോൺ: 7025874592, മെയിൽ: [email protected]
മാവേലിക്കര - ശിവകുമാർ, ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, ആലപ്പുഴ, ഫോൺ: 9188127004,
മെയിൽ: [email protected]
ചെങ്ങന്നൂർ - ഷാജു, റവന്യു ഡിവിഷണൽ ഓഫീസർ, റവന്യു ഡിവിഷണൽ ഓഫീസ്, ചെങ്ങന്നൂർ, ഫോൺ: 9895033979, മെയിൽ: [email protected]
അസി. റിട്ടേണിംഗ് ഓഫീസർമാർ
അരൂർ - ജോൺ പ്രിൻസ് കെ. ആർ, തഹസിൽദാർ, ചേർത്തല, ഫോൺ: 9544524070
ചേർത്തല - മനോജ്കുമാർ ആർ, തഹസിൽദാർ (എൽആർ), ചേർത്തല ഫോൺ: 9446360627
ആലപ്പുഴ- ലിറ്റിമോൾ തോമസ്, തഹസിൽദാർ, അമ്പലപ്പുഴ, ഫോൺ: 9446314538
അമ്പലപ്പുഴ- സുധി, തഹസിൽദാർ (എൽആർ), അമ്പലപ്പുഴ, ഫോൺ: 8848647908
കുട്ടനാട്-രാജീവ്.യു, തഹസിൽദാർ, കുട്ടനാട്, ഫോൺ: 6282363696
ഹരിപ്പാട്- ശ്രീകുമാർ എസ്.എസ്, ഹസിൽദാർ, കാർത്തികപ്പള്ളി ഫോൺ: 9446182590
കായംകുളം- അനിത റാണി, തഹസിൽദാർ (എൽആർ), കാർത്തികപ്പള്ളി, ഫോൺ: 8547611701
മാവേലിക്കര (എസ്സി)- ശ്രീകുമാർ, തഹസിൽദാർ, മാവേലിക്കര, ഫോൺ: 9446820585
ചെങ്ങന്നൂർ- സാജൻ, തഹസിൽദാർ, ചെങ്ങന്നൂർ, ഫോൺ: 9447495009.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ തൃശൂർ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം. മുന്‍ എംപിയും മുതിർന്ന നേതാവുമായ ടി.എന്‍.പ്രതാപനെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ.കരുണാകരന്റെ കുടുംബത്തെ ചതിച്ച യൂദാസാണ് പ്രതാപനെന്നും പോസ്റ്ററിൽ പറയുന്നു. തൃശൂരിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കാലനാണ് പ്രതാപനെന്ന വിമര്‍ശനവും പോസ്റ്ററില്‍ ഉന്നയിക്കുന്നുണ്ട്.
പ്രസ് ക്ലബിന്റെ ചുവരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. യുവാക്കൾ പോസ്റ്റർ ഒട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പക. പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു.
കെ. മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടിയെന്നും പോസ്റ്ററിൽ വിമർശിക്കുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിപ്പിച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
NRI
ലണ്ടൻ: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയാറാക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ എന്നീ പ്രധാന രാഷ്ട്രീയ മുന്നണികള്‍ക്ക് പ്രവാസി ആസ്തി സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്രമായ നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശം സമര്‍പ്പിച്ചു.
യുകെയിലെ 155 മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എന്‍ആര്‍ഐകളും ഒസിഐ സ്റ്റാറ്റസ് ഉള്ളവരുമായ പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമനിര്‍മാണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് എംഎല്‍എ, യുഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് ബെന്നി ബഹനാന് എംപി, എന്‍ഡിഎ മുന്നണിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കാണ് യുക്മ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശങ്ങള്‍ കൈമാറിയിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു.
ഇവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നതിനും മുന്നണി നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി വിവിധ മുന്നണികള്‍ക്കായി അതത് രാഷ്ട്രീയ മുന്നണി നേതാക്കളുമായി ബന്ധമുള്ള യുക്മ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ഡോ. ബിജു പെരിങ്ങത്തറ, സി.എ. ജോസഫ്, സുജു ജോസഫ് (എല്‍ഡിഎഫ്), വര്‍ഗീസ് ഡാനിയേല്‍, സണ്ണിമോന്‍ മത്തായി, ജിപ്സണ്‍ തോമസ് (യുഡിഎഫ്), മനോജ്കുമാര്‍ പിള്ള, അബ്രാഹം പൊന്നുംപുരയിടം, ജോണ്‍ വടക്കേമുറി (എന്‍ഡിഎ) എന്നിവര്‍ക്കാണ് ഈ നിര്‍ദേശങ്ങളുടെ തുടര്‍നടപടികള്‍ക്കായി ചുമതല നല്‍കിയിട്ടുള്ളത്.
ഇക്കഴിഞ്ഞ യുക്മ ദേശീയ മിഡ്ടേം ജനറല്‍ ബോഡിയില്‍ ദേശീയ ട്രഷറര്‍ ഷീജോ വര്‍ഗീസ് അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്ന് അഡ്വ. ജോബി പുതുക്കുളങ്ങരയുടെ നേതൃത്വത്തില്‍ സ്മിത തോട്ടം, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ജെയ്സണ്‍ ചാക്കോച്ചന്, ബിജു പീറ്റര്‍, സുരേന്ദ്രന് ആരക്കോട്ട്, ജോര്‍ജ് തോമസ്, ബെന്നി അഗസ്റ്റിന് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചത്.
പ്രവാസി സമൂഹം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്കുന്ന സംഭാവന വളരെ വലുതാണെന്നും അവരുടെ നിക്ഷേപങ്ങള്‍ പ്രധാനമായും റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, സ്റ്റാര്‍ട്ടപ്പുകള്‍, സഹകരണ മേഖല, ചെറുകിട വ്യവസായങ്ങള്‍ എന്നിവയിലേക്ക് എത്തുന്നുവെന്നും യുക്മ കത്തില്‍ വ്യക്തമാക്കുന്നു. പ്രവാസികളുടെ വിദേശവിനിമയ വരുമാനവും നിക്ഷേപങ്ങളും കേരളത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് നിര്‍ണായകമാണെന്നും സംഘടന ഓര്‍മിപ്പിക്കുന്നു.
എന്നാല്‍ അടുത്തകാലത്ത് പ്രവാസികളുടെ ഭൂമി, വീടുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്ക് ലോക്കറുകള്‍, സ്വര്‍ണ നിക്ഷേപങ്ങള്‍, സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയ ആസ്തികള്‍ സംബന്ധിച്ച് അനധികൃത ഇടപാടുകള്‍, വ്യാജ രജിസ്ട്രേഷന്, വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി, അനധികൃത മ്യൂട്ടേഷന്, ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗം തുടങ്ങിയ പരാതികള്‍ വര്‍ധിക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ "കേരള എന്‍ആര്‍ഐ & ഒസിഐ ആസ്തി സംരക്ഷണ നിയമം' രൂപീകരിക്കുമെന്ന് 2026 തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുക്മ മുന്നണികളോട് ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്
അതേസമയം ബാങ്കിംഗ്, വിദേശവിനിമയം, ഓഹരി വിപണി, പൗരത്വം തുടങ്ങിയ യൂണിയന് ലിസ്റ്റ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള ശുപാര്‍ശകളും യുക്മ മുന്നോട്ടുവച്ചിട്ടുണ്ട്.
പ്രത്യേകിച്ച് എന്‍ആര്‍ഐ അക്കൗണ്ടുകളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് നിര്‍ബന്ധിത അലര്‍ട്ട്, പവര്‍ ഓഫ് അറ്റോര്‍ണി കേന്ദ്ര രജിസ്ട്രി, ഒസിഐ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള സ്വത്ത് ഇടപാടുകള്‍ക്ക് അംഗീകാരം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവാസികള്‍ കേരളത്തിലേക്ക് എത്തിക്കുന്ന വിദേശവിനിമയം സംസ്ഥാനത്തിന്റെ സാമ്പത്തിക ശക്തിയുടെ അടിസ്ഥാനമാണെന്നും അവരുടെ ആസ്തി സംരക്ഷണം സാമൂഹിക സുരക്ഷ മാത്രമല്ല, സാമ്പത്തിക ആവശ്യകതയുമാണ് എന്നും യുക്മ വ്യക്തമാക്കി.
ഈ വിഷയത്തില്‍ ആവശ്യമായാല്‍ വിശദമായ നിയമ രൂപരേഖ തയാറാക്കി നല്‍കാനും നയചര്‍ച്ചകളില്‍ പങ്കെടുക്കാനും യുക്മ തയാറാണെന്ന് സംഘടന അറിയിച്ചു.
യുകെയിലെ വിവിധയിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനായി അലക്സ് വര്‍ഗീസ്, സുനില്‍ ജോര്‍ജ്, ഷാജി വരാക്കുടി, ജോബിന് ജോര്‍ജ്, അമ്പിളി സെബാസ്റ്റ്യന്‍, ജോഷി തോമസ്, രാജേഷ് രാജ്, ജോസ് വര്‍ഗീസ് എന്നിവരെ ചുമതലപ്പെടുത്തി.
NRI
ബെർലിൻ: ജർമനിയിലെ ബാഡൻ - വുർട്ടംബർഗ് സംസ്ഥാനത്ത് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ചാൻസലർ ഫ്രെഡറിക് മെർസിന്റെ പാർട്ടിയായ സിഡിയുവിനെ പിന്നിലാക്കി ഗ്രീൻ പാർട്ടി വിജയം നേടി.
ജർമനിയിലെ സമ്പന്നവും വ്യവസായ പ്രാധാന്യമുള്ളതുമായ ബാഡൻ - വുർട്ടംബർഗ് സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി ഉജ്വല വിജയം നേടി. നിലവിലെ മെർസിന്റെ നേതൃത്വത്തിലുള്ള സിഡിയു പാർട്ടിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ഗ്രീൻ പാർട്ടി ഒന്നാമതെത്തിയത്.
തെരഞ്ഞെടുപ്പ് ഫലം: ബാഡൻ - വുർട്ടംബർഗ് നിയമസഭയിലെ 158 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നിലവിലെ കണക്കുകൾ പ്രകാരം കക്ഷിനില ഇങ്ങനെയാണ്.
ഗ്രീൻ പാർട്ടി: 30.2 ശതമാനം വോട്ട് (57 സീറ്റുകൾ) - ഒന്നാം സ്ഥാനം
സിഡിയു: 29.7 ശതമാനം വോട്ട് (56 സീറ്റുകൾ) - രണ്ടാം സ്ഥാനം
എഎഫ്ഡി: 18.8 ശതമാനം വോട്ട് - മൂന്നാം സ്ഥാനം (എണ്ണം വർധിപ്പിച്ചു)
എഫ്ഡിപി: 35 സീറ്റുകൾ
എസ്പിഡി: 5.5 ശതമാനം വോട്ട് (10 സീറ്റുകൾ - ചരിത്രപരമായ തിരിച്ചടി)
പ്രധാന മാറ്റങ്ങൾ
പുതിയ മുഖ്യമന്ത്രി: ഗ്രീൻ പാർട്ടിയുടെ സെം ഓസ്ഡെമിർ ബാഡൻ-വുർട്ടംബർഗിന്റെ അടുത്ത മുഖ്യമന്ത്രിയാകും. നിലവിലെ മുഖ്യമന്ത്രി വിൻഫ്രീഡ് ക്രെഷ്മാന്‍ പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്.
തുർക്കി വംശജനായ ഓസ്ഡെമിർ ഒലാഫ് ഷോൾസ് മന്ത്രിസഭയിൽ കൃഷിമന്ത്രി ആയിരുന്നു. തുർക്കി പാരമ്പര്യമുള്ള ജർമനിയിലെ ആദ്യത്തെ സംസ്ഥാന മുഖ്യമന്ത്രിയാണ്, ഓസ്ഡെമിർ
മെർസിന് തിരിച്ചടി: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ പാർട്ടിയായ സിഡിയുവിന് സർവേകളിൽ മുന്നിലായിരുന്നിട്ടും രണ്ടാം സ്ഥാനത്തേക്ക് പോകേണ്ടി വന്നു. സ്ഥാനാർഥി മാനുവൽ ഹാഗലിന്റെ മുൻകാല പരാമർശങ്ങൾ പാർട്ടിയെ ദോഷകരമായി ബാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു.
കരുത്ത് കാട്ടി എഎഫ്ഡി
തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റം: എഎഫ്ഡി തങ്ങളുടെ വോട്ട് വിഹിതം 2021ലെ 9.7 ശതമാനത്തിൽ നിന്ന് 17.5 ശതമാനമായി (നിലവിൽ 18.8 ശതമാനം) വർധിപ്പിച്ചു.
പുറത്തായ പാർട്ടികൾ: എഫ്ഡിപി/ഡിവിപി സഖ്യത്തിനും ഇടതുപക്ഷത്തിനും അഞ്ച് ശതമാനത്തിൽ താഴെ വോട്ട് ലഭിച്ചതിനാൽ നിയമസഭയിൽ പ്രാതിനിധ്യം നഷ്ടമായി.
എന്തുകൊണ്ട് ഈ ഫലം പ്രധാനം
ജർമനിയുടെ വാഹന നിർമാണ മേഖലയുടെ ഹൃദയഭൂമിയായ ബാഡൻ-വുർട്ടംബർഗിലെ ഈ ഫലം വരാനിരിക്കുന്ന മറ്റ് നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ദേശീയ രാഷ്ട്രീയത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്നു.
ചാൻസലർ മെർസിന്റെ ഭരണത്തിനുള്ള ഒരു മുന്നറിയിപ്പായി ഈ ഫലം വിലയിരുത്തപ്പെടുന്നു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റ് കിട്ടണമെന്ന് പാർട്ടി ചെയർമാർ ജോസ് കെ. മാണി. ഇടതുമുന്നണിയിൽ സീറ്റ് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുറ്റ്യാടിയാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടത്. അവിടെ സിറ്റിംഗ് എംഎൽഎ ഉണ്ട്. അതാണ് പ്രശ്നം. ചിലയിടങ്ങളിൽ കേരള കോണ്‍ഗ്രസിന് മുൻതൂക്കം ഉണ്ട്. ചിലയിടങ്ങളിൽ സിപിഎമ്മിനും. കേരള കോണ്‍ഗ്രസിന് മുൻതൂക്കമുള്ളിടത്ത് സീറ്റ് കിട്ടണമെന്നാണ് ആഗ്രഹം.
താൻ പാലായിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
NRI
ഡബ്ലിൻ: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ഉറപ്പാക്കുന്നതിനും പ്രവാസലോകത്തുനിന്ന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എൽഡിഎഫ് യുകെ - അയർലൻഡ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ലോകമാതൃകയായ കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രവാസി വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.
സിപിഎം സാർവദേശീയ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി), പ്രവാസി കേരള കോൺഗ്രസ്, സിപിഐ, കൈരളി യുകെ, ക്രാന്തി അയർലൻഡ്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (ഐഡബ്ല്യുഎ) എന്നീ സംഘടനകൾ ചേർന്നാണ് സമിതിക്ക് രൂപം നൽകിയത്.
യുകെയിലെയും അയർലൻഡിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ രാജേഷ് കൃഷ്ണയെ കൺവീനറായും ജിജോ അരയത്ത്, എ.കെ. ഷിനിത്ത് എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.
യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജനേഷ് നായർ, ഷൈമോൻ തോട്ടുങ്കൽ, ജിജോ അരയത്ത്, നവീൻ ഹരി, ബിജു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിന്റെ സർവ മേഖലകളിലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ പ്രവാസികൾക്കിടയിലും അവരുടെ നാട്ടിലെ കുടുംബാംഗങ്ങൾക്കിടയിലും സജീവ ചർച്ചയാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിപുലമായ പ്രചാരണ പരിപാടികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്:
ഇടതുപക്ഷ സർക്കാരിന്റെ ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കാനും കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. അശ്വതി അശോക്, രാജു കുന്നക്കാട്ട്, എബിൻ രാജു, ബിനോജ് ജോൺ, മാന്വൽ മാത്യു, ടോമിച്ചൻ കൊഴുവനാൽ തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും
വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസി സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി പ്രചാരണം വിപുലമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
International
ധാക്ക: മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ബംഗ്ലാദേശിൽ അധികാരത്തിലെത്തിയ ബിഎൻപിക്ക് (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) തെരഞ്ഞെടുപ്പിൽ ലഭിച്ചത് 50 ശതമാനത്തിനടുത്ത് വോട്ട് (49.97%). പ്രധാന എതിരാളിയായ ജമാഅത്തെ ഇസ്ലാമി 31.76 ശതമാനം വോട്ട് നേടി. സ്വതന്ത്രർക്ക് 5.79 ശതമാനം വോട്ട് കിട്ടി. ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 12.7 കോടി വോട്ടർമാരിൽ 59.44 ശതമാനം പേർ വോട്ട് ചെയ്തു.
ഫലം പ്രഖ്യാപിച്ച 297 സീറ്റുകളിൽ 209ഉം ബിഎൻപി നേടി. ജമാ അത്തെ ഇസ്ലാമിക്ക് 68 സീറ്റാണു കിട്ടിയത്. ബിഎൻപി സഖ്യത്തിന് ആകെ 212 സീറ്റും ജമാഅത്ത് സഖ്യത്തന് 77 സീറ്റും ലഭിച്ചു.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ സ്ഥാനഷ്ടയാക്കിയ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയവർ രൂപവത്കരിച്ച നാഷണൽ സിറ്റിസൻ പാർട്ടി (എൻസിപി) വെറും 3.05 ശതമാനം വോട്ടാണു നേടിയത്.
ജമാഅത്തെ ഇസ്ലാമിയുടെ സഖ്യകക്ഷിയായിരുന്നു എൻസിപി. ഇസ്ലാമി ആന്ദോളൻ പാർട്ടി 2.70 ശതമാനവും ബംഗ്ലാദേശ് ഖിലാഫത്ത് മജ്ലിസ് 2.09 ശതമാനവും വോട്ട് നേടി.
NRI
ബെര്‍ലിന്‍: സ്വിറ്റ്സര്‍ലൻഡിലെ കുടിയേറ്റ വിരുദ്ധ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ഈ വര്‍ഷം ജൂണില്‍ റഫറണ്ടത്തിലേക്ക് പോകാന്‍ ആവശ്യമായ ഒപ്പുകള്‍ നേടിയത് രാജ്യത്തേയ്ക്കുള്ള കുടിയേറ്റത്തിന് പൂട്ടുവീഴുമോ എന്ന ആശങ്കയിലാണ് കുടിയേറ്റ സമൂഹം.
അതേസമയം, ഈ നീക്കം സാമ്പത്തിക കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്ന് നിയമനിർമാതാക്കളും ബിസിനസ് ഗ്രൂപ്പുകളും വാദിക്കുന്നത് വലിയൊരു യാഥാഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. രാജ്യത്തിന്റെ ജനസംഖ്യ 10 ദശലക്ഷമായി പരിമിതപ്പെടുത്തണോ വേണ്ടയോ എന്നതിനെക്കുറിച്ചാണ് സ്വിറ്റ്സര്‍ലൻഡ് റഫറണ്ടം നടത്തുന്നത്.
വലതുപക്ഷ, കുടിയേറ്റ വിരുദ്ധ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി (എസ്പിപി) ആണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. വോട്ടെടുപ്പിന് വിധേയമാക്കാന്‍ ആവശ്യമായ ഒപ്പുകള്‍ ഈ നിര്‍ദ്ദേശത്തിന് ലഭിച്ചിട്ടുണ്ടെന്നും ജൂണ്‍ 14ന് അത് ബാലറ്റ് ബോക്സിലേക്ക് പോകുമെന്നും സര്‍ക്കാര്‍ ബുധനാഴ്ച വെളിപ്പെടുത്തി.
സ്വിറ്റ്സര്‍ലന്‍ഡില്‍ ഏകദേശം 9.1 ദശലക്ഷം ആളുകള്‍ വസിക്കുന്നുണ്ട്. വിദേശത്തു നിന്നുള്ളവര്‍, പ്രധാനമായും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍, ജനസംഖ്യയുടെ 30 ശതമാനമാണെന്ന് കണക്കാക്കപ്പെടുന്നു. സ്വിറ്റ്സര്‍ലൻഡ് - യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര സഞ്ചാര കരാറും പരിഗണനയിലുണ്ട്.
സ്വിറ്റ്സര്‍ലൻഡിന്റെ ഭരണഘടനയില്‍ മാറ്റം വരുത്താനാണ് നിര്‍ദേശം ലക്ഷ്യമിടുന്നത്. സ്വിസ് പൗരന്മാരും റസിഡന്‍സി പേപ്പറുകളുള്ള വിദേശ പൗരന്മാരും ഉള്‍പ്പെടെ ജനസംഖ്യ 2050ന് മുമ്പ് 9.5 ദശലക്ഷത്തിലെത്തിയാല്, ജനസംഖ്യാ വളര്‍ച്ച പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം എന്നതാണ് ആശയം.
അഭയാവകാശങ്ങള്, കുടുംബ പുനരേകീകരണം, റസിഡന്‍സി പെര്‍മിറ്റ് വിതരണം എന്നിവ സംബന്ധിച്ച മാറ്റങ്ങള്‍ ഈ നടപടികളില്‍ ഉള്‍പ്പെടും. നിര്‍ദേശപ്രകാരം, സ്വിറ്റ്സര്‍ലൻഡ് സര്‍ക്കാര്‍ ജനസംഖ്യാ വളര്‍ച്ചയെ നയിക്കുന്ന രാജ്യാന്തര കരാറുകളെക്കുറിച്ച് വീണ്ടും ചര്‍ച്ച നടത്താന്‍ ശ്രമിക്കും.
10 ദശലക്ഷം പരിധി കടന്നാല്‍, ജനസംഖ്യാ പരിധി പാലിക്കുന്നതിന് അധികാരികള്‍ ലഭ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. അതില്‍ ഇയുവുമായുള്ള സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്വതന്ത്ര സഞ്ചാര കരാര്‍ അവസാനിപ്പിക്കുന്നത് ഉള്‍പ്പെടുന്നു.
നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്നവരില്‍ 27 ശതമാനം ആളുകള്‍ പൗരത്വമില്ലാത്തവരാണ്. ഭാവിയില്‍ ഉണ്ടാകുന്ന ജനസംഖ്യാ വർധനവ് വീടുകളുടെ വാടക വര്‍ധിക്കുന്നതിനും അതുപോലെ പൊതു സംവിധാനങ്ങള്‍ക്ക് മേല്‍ അമിത സമ്മര്‍ദത്തിനും ഇടയാക്കുന്നു എന്നും സ്വിറ്റസര്‍ലന്‍ഡിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി വെളിപ്പെടുത്തി.
1999 മുതല്‍ പാര്‍ട്ടി തുടര്‍ച്ചയായി എല്ലാ തെരഞ്ഞെടുപ്പുകളിലും രംഗത്തുണ്ട്. തെരഞ്ഞെടുപ്പില്‍ ഇവര്‍ മുന്നില്‍ തന്നെയാണ്. എന്നാല്‍ വിദേശികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി പാര്‍ട്ടി കുടിയേറ്റത്തിനെതിരെയും വന്‍ പ്രചാരണം നടത്തിവരുന്നുണ്ട്.
നിര്‍ദേശം എത്രത്തോളം ജനപ്രിയമാണ്?
നവംബറില്‍ രണ്ട് പത്രങ്ങള്‍ക്കുവേണ്ടി ഗവേഷണ സ്ഥാപനമായ ലീവാസ് നടത്തിയ ഒരു വോട്ടെടുപ്പില്‍, പ്രതികരിച്ചവരില്‍ 48 ശതമാനം പേര് ഈ നടപടിയെ അനുകൂലിക്കുന്നതായി കണ്ടെത്തി, 41 ശതമാനം പേര് ഇതിനെ എതിര്‍ക്കുകയും 11 ശതമാനം പേര് തീരുമാനമെടുത്തിട്ടില്ല.
എന്നിരുന്നാലും സ്വിറ്റ്സര്‍ലൻഡിന്റെ കൂട്ടായ രാഷ്ട്രത്തലവന്, ഫെഡറല്‍ കൗണ്‍സില്‍ എന്നറിയപ്പെടുന്നത്, മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ബിസിനസ് അസോസിയേഷനുകളും ഈ നീക്കത്തെ എതിര്‍ക്കുന്നു.
കുടിയേറ്റം ഇല്ലെങ്കില്‍, സ്വിറ്റ്സര്‍ലൻഡ് ആരോഗ്യ സംരക്ഷണം, പൊതുഗതാഗതം, ഹോസ്പിറ്റാലിറ്റി, നിർമാണം എന്നിവയില്‍ തൊഴിലാളി ക്ഷാമം നേരിടേണ്ടി വരുമെന്ന് അവര്‍ വാദിക്കുന്നു. വിദേശ തൊഴിലാളികളില്ലാതെ കമ്പനികള്‍ വിദേശത്തേക്ക് താമസം മാറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
District News
മലപ്പുറം: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ജില്ലയിലെ 111 സിഡിഎസുകളിലേക്കാണ് തെരഞ്ഞെടുപ്പ്. അയൽക്കൂട്ട അധ്യക്ഷ തെരഞ്ഞെടുപ്പോടെ നടപടികൾക്ക് ഒൗദ്യോഗിക തുടക്കമായി.
അയൽക്കൂട്ടം മുതൽ സിഡിഎസ് വരെയുള്ള സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ നേതൃനിരയെ വാർത്തെടുക്കുന്നതിനുമായി മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനർ, സാമൂഹ്യവികസന ഉപസമിതി കണ്‍വീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്.
സിഡിഎസ് ചെയർപേഴ്സണ്‍, വൈസ് ചെയർപേഴ്സണ്‍, സിഡിഎസ് അംഗങ്ങൾ, എഡിഎസ് ഭാരവാഹികൾ, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് വായ്പാ കുടിശികയില്ലാത്തവരായിരിക്കണം. കുടുംബശ്രീയിൽനിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, സിഇഎഫ് പോലെ സിഡിഎസിൽനിന്ന് നൽകുന്ന വായ്പകളിൽമേൽ കുടിശികയുള്ളവരോ കുടുംബശ്രീയിൽനിന്ന് നിലവിൽ പ്രതിമാസ ഓണറേറിയമോ ശംബളമോ കൈപ്പറ്റുന്നവർക്കും ഇത്തവണ മത്സരിക്കാനാകില്ല.
നേതൃസ്ഥാനങ്ങളിൽ ഒരാൾക്ക് ദീർഘകാലം തുടരാൻ കഴിയാത്ത വിധത്തിലുള്ള പരിഷ്കാരങ്ങളും ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരാൾക്ക് രണ്ട് തവണ മാത്രമേ സിഡിഎസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുവാദമുണ്ടാകൂ. പോത്തുകൽ, മന്പാട്, ഉൗർങ്ങാട്ടിരി എന്നിവയാണ് ജില്ലയിലെ എസ്ടി സംവരണ സിഡിഎസുകൾ. മുതുവല്ലൂർ, പുറത്തൂർ, എടയൂർ, പുൽപ്പറ്റ, കണ്ണമംഗലം, കുറ്റിപ്പുറം, വട്ടംകുളം, എടപ്പാൾ, ഏലംകുളം, തവനൂർ, കാവനൂർ എന്നിവയാണ് എസ്സി സംവരണ സിഡിഎസുകൾ.
22 മുതൽ 28 വരെ അയൽക്കൂട്ട അധ്യക്ഷൻമാർക്കുള്ള പരിശീലനവും 30 മുതൽ ഫെബ്രുവരി മൂന്നു വരെ അയൽക്കൂട്ട തെരഞ്ഞെടുപ്പും നടക്കും. തുടർന്ന് ഫെബ്രുവരി ഏഴു മുതൽ 11 വരെ എഡിഎസ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കി ഫെബ്രുവരി 20ന് സിഡിഎസ് തെരഞ്ഞെടുപ്പിലേക്ക് കടക്കും. ഫെബ്രുവരി 21 നകം പുതിയ ഭരണസമിതികൾ സംസ്ഥാനത്തുടനീളം ചുമതലയേൽക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.
Kerala
പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. യുഡിഎഫിലെ കെ.വി.ശ്രീദേവി പ്രസിഡന്റായി ചുമതലയേറ്റു. മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നു.
എന്നാൽ എസ്ഡിപിഐ അംഗം വോട്ട് ചെയ്തതിനാൽ കോൺഗ്രസ് അംഗം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ബിജെപിക്കും യുഡിഎഫിനും അഞ്ചു വീതം അംഗങ്ങളും എസ്ഡിപിഐക്ക് മൂന്ന് അംഗങ്ങളും എൽഡിഎഫിന് ഒരു അംഗവുമാണ് പഞ്ചായത്തിലുള്ളത്.
ഇത്തവണ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. വോട്ടെടുപ്പിൽ യുഡിഎഫും ബിജെപിയും തുല്യത പാലിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
Kerala
പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി. എസ്ഡിപിഐയുടെ പാരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നടപടിക്രമങ്ങൾ നടന്നതെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. ഡിസംബർ 27നായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടന്നത്.
എൻഡിഎ, യുഡിഎഫ്, എസ്ഡിപിഐ എന്നീ മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാർഥികളെ മത്സരരംഗത്ത് ഇറക്കിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിൽ മൂന്ന് വോട്ടുകൾ മാത്രം ലഭിച്ച എസ്ഡിപിഐ സ്ഥാനാർഥി പുറത്തായി. തുടർന്ന് നടന്ന രണ്ടാം ഘട്ടത്തിൽ എൻഡിഎ, യുഡിഎഫ് സ്ഥാനാർഥികൾക്ക് അഞ്ചു വീതം വോട്ടുകൾ ലഭിച്ചതോടെ വിജയിയെ നിശ്ചയിക്കാൻ നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചു.
എന്നാൽ നറുക്കെടുപ്പിൽ പേര് വരാത്ത സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവോടെ ബിജെപി പ്രതിനിധിയായ ജാൻസി ഹരിദാസിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത നടപടി റദ്ദാക്കപ്പെട്ടു. ഇതേത്തുടർന്ന് പഞ്ചായത്തിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് 21 ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ നിർദ്ദേശം നൽകി.
നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിക്ക് എസ്ഡിപിഐ വോട്ട് ചെയ്തതിന്റെ പേരിൽ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ പഞ്ചായത്തിലെ രണ്ട് പ്രധാന ഭരണപദവികളിലേക്കും വീണ്ടും വോട്ടെടുപ്പ് നടക്കും. പഞ്ചായത്തിൽ ബിജെപിക്കും യുഡിഎഫിനും അഞ്ച് സീറ്റും എസ്ഡിപിഐക്ക് മൂന്നും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.
District News
കൽപ്പറ്റ: കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുന്പോൾ ജില്ലയിൽ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവർത്തകർ മത്സര രംഗത്ത് പങ്കാളികളാകും.
കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് 30ന് ആരംഭിക്കും. ജില്ലയിലെ 9000ൽ അധികം അയൽക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം അംഗങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനർ, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അംഗം സെക്രട്ടറിമാർ, അക്കൗണ്ടന്റുമാർ, സിഡിഎസ് റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്കുള്ള പരിശീലനം ജില്ലയിൽ പൂർത്തിയായി.17 ന് അയൽക്കൂട്ട അധ്യക്ഷർക്ക് പരിശീലനങ്ങൾ നൽകും. 30 മുതൽ ഫെബ്രുവരി മൂന്ന് വരെ അയൽക്കൂട്ട തലത്തിലെ തെരഞ്ഞെടുപ്പും ഫെബ്രുവരി ഏഴ് മുതൽ 11 വരെ എഡിഎസ് തെരഞ്ഞെടുപ്പും ഫെബ്രുവരി 20 ന് സിഡിഎസ് തെരഞ്ഞെടുപ്പും നടക്കും. ജില്ലയിൽ സിഡിഎസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് പട്ടികവർഗ വിഭാഗത്തിലേക്ക് ഒന്‍പത് സീറ്റുകളാണ് സംവരണം ചെയ്തിട്ടുണ്ട്.
സംസ്ഥാന സർക്കാർ അംഗീകരിച്ച ബൈലോ, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എഡിഎസ് തലത്തിൽ പതിനൊന്ന് എക്സിക്യുട്ടീവ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. കുടുംബശ്രീയുടെ ത്രിതല സംഘടനയിലെ എഡിഎസ് ചെയർപേഴ്സണ്‍, വൈസ് ചെയർപേഴ്സണ്‍, സെക്രട്ടറി, സിഡിഎസ് എക്സിക്യുട്ടീവ് അംഗം, സിഡിഎസ് ചെയർപേഴ്സണ്‍, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ സ്ഥാനങ്ങളിലേക്ക് അയൽക്കൂട്ടാംഗമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് മത്സരിക്കാൻ സാധിക്കില്ല.
സർക്കാർ, അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിതര ഏജൻസികൾ എന്നിവയിൽ ജോലി ചെയ്യുന്ന വ്യക്തികൾ, അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ, തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങിൽ സ്ഥിരം ജോലിയുള്ളവർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല.
കുടുംബശ്രീ സംവിധാനത്തിൽ നിന്ന് പ്രതിമാസ ഓണറേറിയം, ശന്പളം കൈപ്പറ്റുന്നവർ, കുടുംബശ്രീ നിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, വ്യക്തിഗത വായ്പാ കുടിശികയുള്ളവർക്ക് മത്സരിക്കാൻ അവസരമില്ല.അയൽക്കൂട്ടതലം മുതൽ എഡിഎസ്, സിഡിഎസ് തലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ സർക്കാർ നിശ്ചയിച്ച എസ്ടി, എസ്സി, ബിപിഎൽ സംവരണ ക്രമങ്ങൾ പാലിച്ചായിരിക്കും നടത്തുക.
സിഡിഎസ്, എഡിഎസ് തലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് റിട്ടേണിംഗ് ഓഫീസർമാരെ നിയമിക്കുന്നതായി ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. അയൽക്കൂട്ടതല തെരഞ്ഞെടുപ്പ് നടത്തുന്നവർക്കുള്ള പരിശീലനം 22ന് ആരംഭിക്കും. ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കും.
ജില്ലയിൽ കുടുംബശ്രീ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്കും തെരെഞ്ഞെടുപ്പ് വരണാധികാരിയായി ജില്ലാ രജിസ്ട്രാർ കെ.ജി. പത്മകുമാറുമാണ്.
National
ലക്നോ: എസ്ഐആറിന്റെ ഭാഗമായുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ യുപിയിൽ 2.89 കോടി വോട്ടർമാർ പുറത്ത്. ഒഴിവാക്കപ്പെട്ടവരിൽ 2.17 കോടി പേർ താമസം മാറിയവരാണ്.
46.23 ലക്ഷം വോട്ടർമാർ മരിച്ചവരും 25.47 ലക്ഷം പേർ ഒന്നിലധികം പട്ടികയിലുള്ളവരുമാണെന്ന് കണ്ടെത്തി. നിലവിലെ പട്ടികയിൽനിന്ന് ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് തലസ്ഥാനമായ ലക്നോവിലാണ്. ഇവിടെ 39.9 ലക്ഷം വോട്ടർമാരാണ് ഉണ്ടായിരുന്നത്.
എന്നാൽ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 27.9 ലക്ഷമായി. ഏകദേശം 30 ശതമാനം വോട്ടർമാർ കുറഞ്ഞു. 9.5 ലക്ഷം വോട്ടർമാരുണ്ടായിരുന്ന ലളിത്പുരിൽ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 8.6 ലക്ഷം വോട്ടർമാരായി കുറഞ്ഞു.
എന്യൂമറേഷൻ നടപടികൾ മൂന്നുതവണ നീട്ടിനൽകിയ ശേഷമാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ എസ്ഐആർ പ്രഖ്യാപിച്ചവേളയിൽ 15.44 കോടി വോട്ടർമാരാണ് ഉത്തർപ്രദേശിലുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന വി.ഡി.സതീശന്റെ അവകാശവാദത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ബോംബ് പൊട്ടുമെന്ന് സതീശൻ പറഞ്ഞിട്ട് പൊട്ടിയില്ല.
അതുപോലെ നൂറിടത്ത് കോൺഗ്രസ് പൊട്ടുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. സതീശൻ എന്ത് ബോംബ് പൊട്ടിച്ചാലും അധികാരത്തിൽ വരുന്നത് എൽഡിഎഫായിരിക്കും.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് സുൽത്താൻ ബത്തേരിയിൽ നേതൃക്യാമ്പ് ചേർന്നതിനു പിന്നാലെയാണ് ഗോവിന്ദന്റെ പരിഹാസം. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: കോൺഗ്രസിൽ തലമുറമാറ്റം ചർച്ചയാകുന്നതിനിടെ മത്സരരംഗത്തു നിന്ന് മാറാൻ തയാറെന്ന് ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ താൻ മാറിനിൽക്കാമെന്ന് ചാണ്ടി ഉമ്മൻ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സിറ്റിംഗ് എംഎൽഎമാർ പലരും തങ്ങളുടെ സീറ്റ് നിലനിർത്താൻ നെട്ടോട്ടമോടുമ്പോഴാണ് ചാണ്ടി ഉമ്മൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്. 1970 മുതൽ 12 തവണ തുടർച്ചയായി ഉമ്മൻ ചാണ്ടി വിജയിച്ച മണ്ഡലമാണ് പുതുപ്പള്ളി.
Kerala
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 മണ്ഡലങ്ങളിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് സുൽത്താൻ ബത്തേരിയിൽ ചേർന്ന കോൺഗ്രസ് ലീഡേഴ്സ് ക്യാമ്പിൽ വിലയിരുത്തൽ. നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കുകൂട്ടിയത്.
കാസർഗോഡ് മൂന്ന് മണ്ഡലങ്ങളാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ നാല്, കോഴിക്കോട് എട്ട്, പാലക്കാട് അഞ്ച്, തൃശൂർ ആറ്, ഇടുക്കി നാല്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല്, എറണാകുളം 12 എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ മുഴുവൻ സീറ്റുകളും നേടുമെന്നും പാർട്ടി കണക്കുകൂട്ടുന്നുണ്ട്.
തെക്കൻ മേഖല പി.സി.വിഷ്ണുനാഥിന്റെയും മധ്യമേഖല എ.പി. അനിൽകുമാറിന്റെയും വടക്കൻ മേഖല ഷാഫി പറമ്പിലിന്റെയും അധ്യക്ഷതയിലുമാണ് ചര്‍ച്ച നടക്കുന്നത്. തന്ത്രങ്ങൾ മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും സുൽത്താൻ ബത്തേരിയിൽ എത്തിയിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർഥികളുടെ ജയസാധ്യത സംബന്ധിച്ച പഠനമടക്കം കനഗോലുവാണ് നടത്തുന്നത്. അമിത ആത്മവിശ്വാസം വേണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി യോഗത്തിൽ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷന് 2026 രേഖ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ലക്ഷ്യ ക്യാമ്പിൽ അവതരിപ്പിക്കും. ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവിന്റെ കേരളയാത്രയിൽ സ്ഥാനാർഥികളെയടക്കം വേദിയിലെത്തിക്കുന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സീറ്റുകൾ ഒന്നും വച്ചുമാറില്ല. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച എല്ലാ സീറ്റിലും ഇത്തവണയും പാർട്ടി മത്സരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലംകൂടി കണക്കാക്കുമ്പോൾ ലീഗിനു കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ട്. കോൺഗ്രസ് അത് ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന നിർബന്ധമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
എംഎൽഎമാരുടെ കാര്യത്തിൽ മൂന്ന് ടേം നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, ചില മണ്ഡലങ്ങളിൽ ചിലരെ മാറ്റേണ്ടിവരും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ ഒരുപാട് യുവതി യുവാക്കൾ നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചുമുതൽ ഏഴുവരെ തീയതികളിൽ നടത്തും. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയര്മാന്മാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളും കോര്‍പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളുമാണുള്ളത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരുടെയും തെരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരുടെയും തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷന് നിശ്ചയിച്ചിട്ടുണ്ട്.
സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. യോഗ സ്ഥലം, തീയതി, സമയം എന്നിവ ഉൾപ്പെട്ട നോട്ടീസ് എല്ലാ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും യോഗ തീയതിക്ക് അഞ്ചുദിവസം മുൻപ് ബന്ധപ്പെട്ട വരണാധികാരി നൽകും.
നാമനിർദ്ദേശ പത്രിക വരണാധികാരിക്ക് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും നോട്ടീസിലുണ്ടാകും. ചെയർമാൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ നോട്ടീസ് ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും യോഗ തീയതിക്ക് രണ്ടുദിവസം മുൻപാണ് നൽകുക.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരള യാത്ര നടത്തും. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന.
മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും. ജനങ്ങളിലേക്ക് കൂടുതൽ അടുക്കുക, ഇടതുസർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതാണ് കേരള യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം മുതൽ കാസർഗോഡു വരെ നടത്തുന്ന യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാനുള്ള നീക്കം നടത്തുന്നതിന്റെ ഭാഗമാണ് കേരള യാത്ര.
കേന്ദ്രസർക്കാരിനെതിരായ സമരവും എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ തൊഴിൽ നയങ്ങൾക്കെതിരെയുള്ള സമരപ്രഖ്യാപനം ജനുവരി 12ന് തിരുവനന്തപരുത്ത് നടത്തും.
Kerala
കോട്ടയം: പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്തവർക്കെതിരെ നടപടിയുമായി ബിജെപി. കുമരകം പഞ്ചായത്തിലെ മൂന്ന് അംഗങ്ങളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.
പി.കെ.സേതു, വി.കെ.സുനിത്, നീതു റെജി എന്നിവരെയാണ് പുറത്താക്കിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. കുമരകം പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡന്റായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എ.പി. ഗോപിക്ക് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തിരുന്നു. ഇതോടെയാണ് യുഡിഎഫ് അട്ടിമറി വിജയം നേടിയത്. അംഗങ്ങള്‍ക്ക് വാട്സാപ്പില്‍ വിപ്പ് അയച്ചിരുന്നു.
വിപ്പ് ലംഘിച്ചാണ് വോട്ടിംഗ് നടന്നത്. ഇത് അംഗീകരിക്കില്ലെന്നും ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ വ്യക്തമാക്കി.
Kerala
കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ള വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ. ശബരിമല വിഷയത്തില്‍ സത്വര നടപടിയുണ്ടായില്ലെന്നും നടപടി എടുക്കാത്തത് തിരിച്ചടിയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടെന്നും എല്‍ഡിഎഫിനെ പിന്തുണച്ച മത സംഘടനകള്‍ പോലും മാറി ചിന്തിച്ചെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് മുന്നണി മര്യാദ പാലിച്ചില്ല. മുന്നണി നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചു. മുന്നണിയില്‍ പല പരാതികളും ഉന്നയിച്ചെങ്കിലും പരിഹാരമുണ്ടായില്ല.
മുന്നണി സ്പിരിറ്റ് നഷ്ടമായി. ഘടകകക്ഷിയെന്ന പരിഗണന ഐഎന്‍എല്ലിന് പലയിടങ്ങളിലും ലഭിച്ചില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ കുറ്റപ്പെടുത്തി.
മധ്യവര്‍ഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവധാനത പുലര്‍ത്തിയില്ലെന്നും വാര്‍ഡ് പുനഃക്രമീകരണം ശാസ്ത്രീയമായില്ലെന്നും അദ്ദേഹം പറഞ്ഞു. അമിതമായ ആത്മവിശ്വാസം തിരിച്ചടിച്ചുവെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
Kerala
തൃശൂർ: ഗുരുവായൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന സൂചന പരന്നതോടെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. സീറ്റ് കൈമാറ്റം സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ് പറഞ്ഞു. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കണമെന്നാണ് ഡിസിസിയുടെ ആവശ്യം.
ഈ ആവശ്യം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ദീർഘകാലമായി യുഡിഎഫിൽ ലീഗ് മത്സരിക്കുന്ന സീറ്റാണ് ഗുരുവായൂർ.
നിരവധി പരീക്ഷണം നടത്തിയിട്ടും ഇവിടെ യുഡിഎഫിന് വിജയിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ഡിസിസിയുടെ നിലപാട്.
National
കോൽക്കത്ത: ബിഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞതു പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ ആവശ്യമാണെന്നും ബംഗാളിൽ നടത്തിയ റാലയിൽ പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറിൽ എൻഡിഎയ്ക്ക് വോട്ട് നൽകി ജംഗിൾ രാജിനെ അവിടുത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു. ബംഗാളിൽ തുടരുന്ന മഹാജംഗിൾ രാജിനെയും ജനങ്ങൾ തുടച്ചുനീക്കണമെന്നും മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി ബംഗാളിലെത്തിയത്.
കനത്ത മൂടൽ മഞ്ഞുകാരണം റാണഘട്ടിൽ നടത്തിയ റാലികളിൽ നേരിട്ട് പങ്കെടുക്കാൻ മോദിക്കായില്ല. മഞ്ഞുകാരണം ഹെലികോപ്റ്ററിന് താഹെർപൂരിൽ ഇറങ്ങാനായില്ല. തുടർന്ന് കോൽക്കത്തയിലേക്ക് മടങ്ങിയ അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് ഫോണിലൂടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. എ.പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടിയിരുന്നു.
ഇത് എതിരാളികൾ ആയുധമാക്കി. എ.പത്മകുമാറിനെതിരെ നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നു. മുൻ എംഎൽഎ കെ.സി. രാജഗോപാലൻ പഞ്ചായത്തിൽ മത്സരിച്ചതിനെതിരെയും വിമർശനമുയർന്നു.
മത്സരം പ്രാദേശിക വിഭാഗീയതയ്ക്ക് കാരണമായി. സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി. മെഴുവേലി പഞ്ചായത്തിൽ തന്നെ കാലുവാരി തേൽപ്പിക്കാൻ ശ്രമിച്ചെന്നും കെ.സി.രാജഗോപാലൻ ആരോപിച്ചിരുന്നു.
ഇത് അച്ചടക്കലംഘനമാണ്. പരസ്യ പ്രതികരണം നടത്തിയതിൽ വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ചില തിരിച്ചടികളുണ്ടായി. ആ സാഹചര്യം മാറും.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകൾ സൂക്ഷമായി പരിശോധിച്ചാൽ എൽഡിഎഫിന് 64 സീറ്റുകളിൽ മുൻ തൂക്കമുണ്ട്. ഇത് സൂചിപ്പിക്കുന്നത് എൽഡിഎഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും അടിത്തറ തകർന്നുവെന്ന വലതുപക്ഷ കക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും വിശകലനത്തെ അംഗീകരിക്കാൻ കഴിയില്ല.കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും യുഡിഎഫിന് മുൻതൂക്കമുണ്ട്.
രാഷ്ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പമാണ്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
NRI
ബോസ്റ്റൺ: മേരി ജോസഫ് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ലീല മാരേട്ട് "ടീം എംപവര്‍' പാനലില്‍ മത്സരിക്കുന്നു. ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്റെ സജീവ അംഗമാണ് മേരി ജോസഫ്.
കഴിഞ്ഞ കുറേ വർഷങ്ങളായി ട്രഷറർ, ആർട്സ് ചെയർ, വെബ് അഡ്മിൻ, പബ്ലിക് റിലേഷൻസ് എന്നീ സ്ഥാനങ്ങൾ വഹിച്ച അവർ സംഘടനയുടെ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.
2011-2012 കാലയളവിൽ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2023-2025 കാലയളവിൽ ഫൊക്കാന ന്യൂ ഇംഗ്ലണ്ട് മേഖല വനിതാ കമ്മിറ്റിയുടെ ഭാഗമായിരുന്നു.
25 വർഷത്തിലേറെയായി ന്യൂ ഇംഗ്ലണ്ട് നിവാസിയായ അവർ കുടുംബത്തോടൊപ്പം ന്യൂ ഹാംഷെയറിൽ താമസിക്കുന്നു.
NRI
വാഷിംഗ്ടൺ ഡിസി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന് കേരള ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ. മിന്നും വിജയം കരസ്ഥമാക്കിയ യുഡിഎഫിന് ആശംസകൾ നേരുന്നതായും ഐഒസി യുഎസ്എ അറിയിച്ചു.
ടീം യുഡിഎഫ് പൊരുതി നേടിയ വിജയമാണിതെന്ന് കേരള ഘടകം പ്രസിഡന്റ് സതീശൻ നായർ, ഐഒസി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, പോൾ കറുകപ്പള്ളി എന്നിവർ അറിയിച്ചു.
മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായ തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം, സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ,
ജോർജ് ജെ. കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ, ട്രെഷറർ ഡോ. മാത്യു വർഗീസ്, ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ, റേച്ചൽ വർഗീസ്, ശാലു പുന്നൂസ്, ചെറിയാൻ കോശി, സൂസമ്മ ആൻഡ്രൂസ്, ഉഷ ജോർജ്, ജോൺ വർഗീസ് ന്യൂജഴ്സി പ്രസിഡന്റ് ജെയിംസ് ജോർജ്, കോൺഗ്രസ് പ്രവർത്തകർ എന്നിവർ യുഡിഎഫിന് ആശംസകൾ അർപ്പിച്ചു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു പിന്നാലെ യുഡിഎഫ് വിപുലീകരിക്കാനുള്ള നീക്കം ആരംഭിച്ചു. ഇടതുപക്ഷത്തെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതൃപ്തരായ നിരവധി പേർ എൽഡിഎഫിലുണ്ട്. ആശയപരമായി യോജിക്കാൻ കഴിയുന്നവർ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തും.
തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി ഓരോ കാർഡ് ഇറക്കി കളിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ന്യൂനപക്ഷ കാർഡ് ഇറക്കി കളിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് ഇറക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
National
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
ഏഴു ജില്ലകളിലായി ആകെ 1,53,37,176 വോട്ടർമാരാണ് ഇന്നു പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
38,994 പേർ മത്സരരംഗത്തുണ്ട്. 470 ഗ്രാമപഞ്ചായത്തുകളിലെ 9,015 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകളിലേക്കും ഏഴു ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം.
47 മുനിസിപ്പാലിറ്റികളിലായി 1,829 വാർഡുകളിലും മൂന്നു കോർപറേഷനുകളിലെ 188 ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനായിരുന്നു. ശനിയാഴ്ചയാണ് ഇരുഘട്ടങ്ങളുടെയും ഫലപ്രഖ്യാപനം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും മുരളീധരൻ ആരോപിച്ചു.
മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തി നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കാമറ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ ഏഴിന് കാമറ സ്ഥാപിച്ചില്ല. എട്ടിനാണ് കാമറ സ്ഥാപിച്ചതെന്നും മുരളീധരൻ പറഞ്ഞു.
ശ്രീകണ്ഠേശ്വരം ഭാഗത്തുള്ള ട്രാൻസ്ജെൻഡേർസിനെ ഇവിടെയും വോട്ട് ചേർത്തു. ട്രാൻസ്ജെൻഡർ വിഭാഗത്തിന് മത്സരിക്കാൻ സീറ്റ് നൽകിയത് കോൺഗ്രസാണ്. സിപിഎം ഇവരെ ഉപയോഗിക്കുന്നത് കള്ളവോട്ട് ചെയ്യാനാണ്. വോട്ട് ചലഞ്ച് ചെയ്തപ്പോൾ ചലഞ്ച് ചെയ്യാനുള്ള ഫോറം തീർന്ന് എന്ന് പറഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.
എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകൾ ലഭിക്കും. വ്യാജൻന്മാരെ രംഗത്തിറക്കിയതിൽ കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളിലെ വോട്ടിംഗ് പൂർത്തിയായി. പ്രാഥമിക കണക്കുകൾ പ്രകാരം 70 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്.
എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് കുറവ് പോളിംഗ്. തിരുവനന്തപുരം 65.74, കൊല്ലം 69.11, പത്തനംതിട്ട 65.78, ആലപ്പുഴ 72.57, കോട്ടയം 69.50, ഇടുക്കി 70.00 എറണാകുളം 73.16 ശതമാനം പോളിംഗും രേഖപ്പെടുത്തി.
579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായിരിക്കുന്നത്. ആകെ 36,630 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്.
ആദ്യഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിൽ 8,310 സ്ഥാനാർഥികൾ ജനവിധി തേടി. 75 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,090 സ്ഥാനാർഥികളും ഏഴു ജില്ലാ പഞ്ചായത്തുകളിൽ 164 പേരും ജനവിധി തേടി. 39 മുനിസിപ്പാലിറ്റികളിൽ 1,371 പേരും തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിലായി 233 പേരും ജനവിധി തേടി. പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുന്നതിനിടെ കിഴക്കമ്പലത്ത് മാധ്യമ പ്രവർത്തകർക്കുനേരെ കൈയേറ്റം. ചാനൽ റിപ്പോർട്ടർമാർക്കുനേരെയായിരുന്നു കൈയേറ്റം ഉണ്ടായത്.
ഒരു സംഘം ആളുകൾ ചേർന്ന് സ്വകാര്യ ചാനലിന്റെ കാമറമാനെയും റിപ്പോർട്ടറെയും ആക്രമിക്കുകയായിരുന്നു. കാമറയും തകർത്തു. പൗരൻ എന്ന് പറഞ്ഞായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പാസുമായി എത്തിയ മാധ്യമ പ്രവർത്തകർക്കുനേരെയാണ് ആക്രമണം ഉണ്ടായത്.
പോലീസ് നോക്കി നിൽക്കെയായിരുന്നു ആക്രമണം. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഒരു പഞ്ചായത്താണ് കിഴക്കമ്പലം. ട്വന്റി 20യും എൽഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന പോരാട്ടം.
ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് മാധ്യമങ്ങളെ കണ്ടതിനുപിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.
Kerala
തിരുവനന്തപുരം: വോട്ടിംഗ് മെഷീൻ തകരാറിലായതിനെതുടര്‍ന്ന് പലയിടത്തും വോട്ടെടുപ്പ് വൈകുന്നു. കൊല്ലം കോർപറേഷൻ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടര്‍ന്ന് വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
പത്തനംതിട്ട തിരുവല്ല നിരണം എരതോട് ബൂത്തിൽ വോട്ടിംഗ് തുടങ്ങാനായില്ല. മെഷീൻ തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്. വണ്ടിപ്പെരിയാർ തങ്കമലയിലും യന്ത്ര തകരാറുണ്ടായി. ഇവിടെ പകരം യന്ത്രം എത്തിച്ചു. പത്തനംതിട്ട നഗരസഭ ടൗൺ സ്ക്വയർ വാർഡിലും യന്ത്ര തകരാറുണ്ടായി.
മൂവാറ്റുപുഴ നഗരസഭയിൽ വോട്ടിംഗ് മെഷീൻ തകരാറായി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പുരോഗമിക്കുമ്പോൾ ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെ.എസ്.ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.
വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
Kerala
കൊച്ചി: സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്ത് 10-ാം (ഓണക്കൂർ) വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റി. യുഡിഎഫ് സ്ഥാനാർഥി സി.എസ്.ബാബുവിന്റെ (59) മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
ചൊവ്വാഴ്ച പുലർച്ചെ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറവം മര്‍ച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ് സി.എസ്.ബാബു. തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും മലപ്പുറം മൂത്തേടം പഞ്ചായത്ത് ഏഴാം വാർഡിലെ വോട്ടെടുപ്പും സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ചു.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
Kerala
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പു നടക്കുന്നത്. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
ആകെ 36,630 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്.
ആദ്യഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിൽ 8,310 സ്ഥാനാർഥികൾ മത്സരിക്കുന്നു. 75 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,090 സ്ഥാനാർഥികളും ഏഴു ജില്ലാ പഞ്ചായത്തുകളിൽ 164 പേരും മത്സരിക്കുന്നു. 39 മുനിസിപ്പാലിറ്റികളിൽ 1,371 പേരും തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിലായി 233 പേരും മത്സരരംഗത്തുണ്ട്.
മൂന്നു മുന്നണികൾക്കും അതീവ നിർണായകമായ തെരഞ്ഞെടുപ്പ് അഞ്ചു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബലപരീക്ഷണമായാണ് മുന്നണികൾ കണക്കു കൂട്ടുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി സാമൂഹ്യക്ഷേമപെൻഷൻ വർധന ഉൾപ്പെടെയുള്ള ക്ഷേമനടപടികൾ പ്രഖ്യാപിച്ചു കൊണ്ടും പ്രചാരണരംഗത്ത് വികസന പ്രവർത്തനങ്ങൾ എണ്ണിറഞ്ഞുമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ശബരിമല സ്വർണമോഷണം തെരഞ്ഞെടുപ്പു വിഷയമായി യുഡിഎഫ് ഉയർത്തിക്കാട്ടിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന പരാതിയും പോലീസ് നടപടികളുമായിരുന്നു എൽഡിഎഫിന്റെ പ്രതിരോധം. വികസനരംഗത്തെ മുരടിപ്പും യുഡിഎഫ് ഉയർത്തിക്കാട്ടി. ശബരിമല വിഷയത്തിൽ ബിജെപി വലിയ ആവേശം കാട്ടിയില്ല.
പേരുദോഷം വരാതിരിക്കാൻ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു എന്നു മാത്രം. ശബരിമല കത്തിച്ചാൽ അതിന്റെ പ്രയോജനം യുഡിഎഫിനു പോകുമോ എന്ന ആശങ്കയാകാം കാരണം. വികസനത്തിൽ ഊന്നിയായിരുന്നു ബിജെപിയുടെ തുടക്കം മുതലുള്ള പ്രചാരണം.
ഏഴു ജില്ലകളിൽ ഇന്നു വോട്ടെടുപ്പു നടക്കുന്പോൾ അവശേഷിക്കുന്ന ഏഴു ജില്ലകളിൽ ഇന്നു വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണൽ.
Kerala
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശനിയാഴ്ച രാത്രി ഞാറവിള - കരയടിവിള റോഡിലായിരുന്നു അപകടം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടത്തെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചു. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രി കുഴഞ്ഞുവീണു മരിച്ചിരുന്നു. ഈ രണ്ടു വാർഡുകളിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Kerala
കൊച്ചി: കുസാറ്റ് വിദ്യാര്‍ഥി യൂണിയന് കെഎസ്യുവില് നിന്ന് എസ്എഫ്ഐ തിരിച്ചു പിടിച്ചു. യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 190 സീറ്റില്‍ 104 സീറ്റുകളാണ് എസ്എഫ്ഐക്ക് ലഭിച്ചത്.
കഴിഞ്ഞ തവണ 174 സീറ്റില്‍ 86 സീറ്റ് നേടികൊണ്ടായിരുന്നു കെഎസ്യു കുസാറ്റില്‍ യൂണിയന് ഭരണം പിടിച്ചത്. മുപ്പത് വർഷങ്ങള്‍ക്ക് ശേഷമുള്ള കെഎസ്യുവിന്റെ ആദ്യ വിജയവുമായിരുന്നിത്.
പിന്നീട് 2024 വരെ നടന്ന തെരഞ്ഞെടുപ്പിലെല്ലാം എസ്എഫ്ഐക്കായിരുന്നു വിജയം. വിജയത്തില്‍ എസ്എഫ്ഐ പ്രവർത്തരെ അഭിനന്ദിച്ച് മന്ത്രി പി.രാജീവ് അടക്കമുള്ള നേതാക്കൾ രംഗത്തുവന്നു.
NRI
റിയാദ്: കേരളത്തിലെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കേളിയുടെ 13 മുൻ അംഗങ്ങൾ മത്സരിക്കുന്നു. അംഗങ്ങളുടെ ഉറ്റ ബന്ധുക്കളായ 36 പേരും ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നുണ്ട്.
കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന ദസ്തക്കീർ ചാത്തനൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്ന ആർ. നടേശൻ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അതിയന്നൂർ ഡിവിഷനിലും നിസാർ അമ്പലംകുന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിനല്ലൂർ ഡിവിഷനിലും ബേബി കുട്ടി പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലും ജനവിധി തേടുന്നു.
മലാസ് ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.രാജീവൻ കണ്ണൂർ കണ്ണപുരം പഞ്ചായത്ത് ഒമ്പതാം വാർഡിലും ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ജബ്ബാർ ഉർങ്ങാട്ടരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലും ബദിയ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബഷീർ പനോലൻ മൂത്തേടം ഗ്രാമ പഞ്ചായത്തിലേക്കും മത്സരിക്കുന്നുണ്ട്.
ഒലയ ഏരിയ ഒലയ്യ യൂണിറ്റ് അംഗങ്ങളായിരുന്ന പൂഴിത്തറ സലാം പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലും ഇ.കെ. മുഹമ്മദ് ഫാസിൽ വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലും സുലൈമാനിയ യൂണിറ്റ് അംഗമായിരുന്ന അബു കൊല്ലടിക അമരമ്പലം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലും ജനവിധി തേടുന്നു.
അൽഖർജ് സിറ്റി യൂണിറ്റ് മുൻ ട്രഷറർ പാലപ്പെട്ടി അബൂബക്കർ(സിദ്ദീഖ്) പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലും അസീസിയ യൂണിറ്റ് അംഗമായിരുന്ന ഷുക്കൂർ തളിക്കുളം 17-ാം വാർഡിലും സുലൈ ഓൾഡ് സനയ്യ അംഗമായിരുന്ന സദാശിവൻ നായർ നഗരൂർ പഞ്ചായത്ത് ദർശനവട്ടം വാർഡിലും കേളി കുടുംബ വേദി അംഗമായിരുന്ന അഡ്വ. നബീല പാറമ്മൽ മുന്നിയൂർ പഞ്ചായത്ത് ഒന്നാം വാർഡിലും മത്സരിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: എസ്ഐആർ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ ഫോം വിതരണം ചെയ്യാം.
ഡിസംബര്‍ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി 14ന് പുറത്തിറക്കും. ഇതുസംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച ഉത്തരവാണ് പുറത്തുവന്നത്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഡിസംബര്‍ നാലിനുള്ളിൽ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദേശം. സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്‍ക്ക് ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ സമയം ലഭിക്കും.
എസ്ഐആര്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്മീഷൻ സ്വമേധയാ നീട്ടിവെച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവിറക്കുന്നത്. ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബർ നാലിന് അവസാനിക്കാനിരിക്കേ പൂരിപ്പിച്ച എന്യൂമറേഷൻ ഫോമിന്റെ 15 ശതമാനവും തിരികെ കിട്ടിയിരുന്നില്ല.
അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റലൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമയപരിധി നീട്ടുകയായിരുന്നു.
District News
കള്ളിക്കാട്: ഡിസംബർ ഒന്പതിനു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്, അതിനു മുന്നോടിയായി നടക്കുന്ന സ്ഥാനാർഥി പര്യടനം, സ്വീകരണങ്ങൾ, റോഡ് ഷോ പ്രചാരണ പരിപാടികൾ, റാലികൾ തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും പ്രകൃതിസൗഹാർദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് പൂർണമായും ഹരിത ചട്ടം പാലിക്കണമെന്നുള്ള ശുചിത്വ മിഷന്റെ "ഗ്രീൻ ഇലക്ഷൻ ക്ലീൻ ഇലക്ഷൻ" സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി കള്ളിക്കാട് പഞ്ചായത്ത് ഹരിത കർമസേനാംഗങ്ങൾ മൺ ചിരാത് തെളിയിച്ചു ഹരിത സന്ദേശം നൽകി.
നെയ്യാർ അണക്കെട്ടിലെ ജലാശയത്തിനു സമീപം നടന്ന ചടങ്ങ് സിനിമ സീരിയൽ അഭിനേതാവും ഡബിംഗ് ആർട്ടിസ്റ്റും മാധ്യമപ്രവർത്തകനുമായ രാഗീഷ് രാജ മൺചിരാത് തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ലത അധ്യക്ഷയായ ചടങ്ങിൽ കള്ളിക്കാട് ഹരിത കർമസേന പ്രസിഡന്റ് വത്സല, സെക്രട്ടറി രാജി തുടങ്ങി 26 അംഗങ്ങളും മൺചിരാത് തെളിയിച്ചു ചടങ്ങിൽ ഹരിത സന്ദേശം നൽകി.
District News
റാന്നി: ഗ്രാമ പഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന അച്ഛന്റെ വിജയത്തിനായി ഗാനാലാപനവുമായി മകൾ. നാറണംമൂഴി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ജോർജിന്റെ (റെജി) വിജയത്തിനായി മകൾ ലിജോയാണ് ഗാനാലാപനത്തിലൂടെ പ്രചാരണം നടത്തുന്നത്.
ലിജോയുടെ ശബ്ദത്തിൽ റിക്കോർഡിംഗ് സ്റ്റുഡിയോയിലെത്തി പാടിയ പാട്ട് തുടക്കത്തിൽ തന്നെ വൈറലായി. ദിലീപിന്റെ കാര്യസ്ഥൻ സിനിമയിലെ കൈതപ്രം രചനയും ബേണി ഇഗ്നേഷ്യസ് സംഗീതവും നിർവഹിച്ച് ബെന്നി ദയാൽ ആലപിച്ച മംഗളങ്ങൾ വാരിക്കോരി ചൊരിയാം ഇവരെ മധുവിധു വാസന്ത രാവിൽ ..... എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈരടികളിൽ, പ്രിയ നാട്ടാരെ, ഇനി വോട്ടേകാം, നാടിൻ വികസനം വേണമെങ്കിൽ, പ്രിയ സാരഥിയാകാം തോമസ് ജോർജ്, നമുക്ക് ആശംസകൾ നേരാം...... കടന്നുവരൂ വോട്ട് നൽകൂ തോമസ് ജോർജിന്, മനസുകൊണ്ട് നേരാം ആശംസ..
എന്നു തുടങ്ങുന്ന അതിമനോഹര ഗാനം രചനയും സംവിധാനവും നൽകി ചിട്ടപ്പെടുത്തിയത് റാന്നിയിലെ സേറ റിക്കോർഡിംഗ് സ്റ്റുഡിയോയാണ്.
പള്ളികളിൽ ഗായകസംഘങ്ങളിൽ ഉൾപ്പെടെ വർഷങ്ങൾക്കു മുമ്പ് പാടിത്തെളിഞ്ഞ ലിജോ നാട്ടിലെ സംഗീത പരിപാടികളിൽ നന്നായി പാടുന്ന ഗായിക കൂടിയാണ്. സംഗീത മത്സരങ്ങളിൽ വിജയിക്കുന്ന ലിജോയ്ക്ക് അച്ഛൻ തോമസ് ജോർജ് പഞ്ചായത്ത് വിജയിക്കുമെന്നതിലും സംശയമില്ല.
കഴിഞ്ഞ തവണ നാറാണംമൂഴി ടൗൺ വാർഡിൽ മത്സരിച്ച് വിജയിച്ചു നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച തോമസ് ജോർജ് ഇത്തവണ വാർഡു മാറി വിജയം പരീക്ഷിക്കുകയാണ്. സിപിഎമ്മിലെ ജ്യോതി ശ്രീനിവാസും എൻഡിഎയിലെ സുരേഷുമാണ് പ്രധാന എതിരാളികൾ.
Youth Special
ഓഫ് റോഡ് ജീപ്പ് ഓട്ടത്തിലെ താരം തെരഞ്ഞെടുപ്പിന്റെ ട്രാക്കിൽ. പാലാ നഗരസഭ എട്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി റിയാ മേരി ബിനോ (24) എന്ന റിയ ചീരാംകുഴി ഓഫ് റോഡ് മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.
സംസ്ഥാനത്തു നടന്ന 15 മത്സരങ്ങളില്‍ റിയ മത്സരിച്ചിട്ടുണ്ട്. ബിരുദമെടുത്ത ശേഷം ടിടിസി പഠിച്ച റിയ പാലായിലെ സ്വകാര്യ സ്കൂളിലെ അധ്യാപിക കൂടിയാണ്. ചീരാംകുഴി ബിനോ-ആശ ദമ്പതിമാരുടെ മകളാണ്.
അച്ഛന്റെയും അദ്ദേഹത്തിന്റെ സഹോദരന്റെയും പിന്നാലെയാണ് റിയ ഓഫോ റോഡ് മത്സരങ്ങളുടെ ട്രാക്കിലെത്തിയത്. അച്ഛന്റെ സഹോദരന് ജോസ് ചീരാംകുഴി 10-ാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്ഥയാണന്നുള്ളത് റിയയ്ക്ക് മത്സരിക്കുവാന്‍ തടസമല്ല.
ജോസ് ചീരാംകുഴി നിലവില്‍ പാലാ നഗരസഭാംഗമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തേടിയപ്പോള്‍ പാര്‍ട്ടി പാരമ്പര്യം കൂടി പരിഗണിച്ചാണ് റിയയെ തെരഞ്ഞെടുത്തത്.
National
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയുടെ വിശ്വാസ്യതയിൽ ഒരു സംശയവും ഉന്നയിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്ഐആർ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ഫയൽ ചെയ്ത ഹർജിയിൽ ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ നടപടികൾ പൂർണമായും നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ കേരളം ഉൾപ്പടെ രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള നിർദേശത്തിൽ അതിനുള്ള കാരണം രേഖാമൂലം വിശദീകരിച്ചിട്ടില്ല.
അതിനാൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന എസ്ഐആർ നിയമത്തിന്റെ കണ്ണിൽ നിലനിൽക്കുന്നതല്ലെന്നും ഗോവിന്ദൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകൻ ജി. പ്രകാശ് ആണ് ഗോവിന്ദന്റെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
NRI
മാഞ്ചസ്റ്റർ: നൈറ്റ്സ് മാഞ്ചസ്റ്റർ ക്ലബിന്റെ വാർഷികവും മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്റെ 2026 വർഷത്തെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീരാഗിന്റെ നേത്യത്വത്തത്തിൽ മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജീഷ് സ്വാഗതവും പറഞ്ഞു.
ട്രെഷറർ പ്രിൻസ് വാർഷിക കണക്കും ക്ലബ് കൾച്ചറൽ കോഓർഡിനേറ്റർ സിറിൽ വിവിധ കർമ പദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു. അടുത്ത വർഷം കൂടുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്.
സംഘടനക്ക് വേണ്ടി എല്ലാം നൽകി. എത്ര കൊമ്പനായാലും പോരാടും. അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും സംഭാഷണത്തിൽ ആനന്ദ് പറയുന്നുണ്ട്.
സീറ്റ് നിഷേധിച്ചതിലെ മനോവിഷമത്തെ തുടര്‍ന്നാണ് ആനന്ദ് ജീവനൊടുക്കിയതെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. ആനന്ദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം ആനന്ദ് ശിവസേനയില്‍ (യുടിബി) അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജിയില്‍ നിന്ന് ആനന്ദ് അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശിവസേനയുടെ സ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാനും ആനന്ദ് തീരുമാനിച്ചിരുന്നു.